ദീപാവലിയുടെയും കേരളപിറവിയുടെയും ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ച് താരസംഘടനയായ അമ്മ. കൊച്ചിയിലെ ‘അമ്മ’ ഓഫീസിൽ കേരളപ്പിറവി ആഘോഷം നടന്നു. അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്ന് എം.പിയും നടനുമായ സുരേഷ് ഗോപി. ഇക്കാര്യത്തിൽ മോഹൻലാലുമായി ചർച്ച നടത്തി. അതിനുള്ള തുടക്കം താൻ കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നും സുരേഷ് ഗോപി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നില്ല. അതിനിടെയാണ് കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എത്തി ചേരുകയായിരുന്നു.അമ്മ സംഘടന ഇപ്പോഴും സജീവം ആണെന്നും, ദൈനം ദിന പ്രവർത്തനം ഭംഗിയായി നടക്കുന്നു എന്നും വിനു മോഹൻ പറഞ്ഞു. കമ്മറ്റിയെ കുറിച്ചുള്ള ആലോചനകളും ചർച്ചകളും പുരോഗമിക്കുന്നു. അനുയോജ്യമായ തീരുമാനം ഉടൻ എന്നും വിനു മോഹൻ പറഞ്ഞു.അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിക്ക് ഉൾപ്പെടെ നിരവധി നടന്മാർക്ക് എതിരെ ലൈംഗിക ആരോപണ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ഉൾപ്പെടെയുള്ളവർ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി അമ്മ കമ്മറ്റി അംഗങ്ങൾക്കെതിരെ ലൈംഗികാതിക്രമവും പെരുമാറ്റദൂഷ്യവും ഉയർന്നതിനാൽ സമിതി പിരിച്ചുവിടണമെന്ന് അഭിനേതാക്കളുടെ സംഘടനയുടെ അടിയന്തര ഓൺലൈൻ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് അധ്യക്ഷനും മുതിർന്ന നടനുമായ മോഹൻലാൽ ഉൾപ്പെടെയുള്ള 17 അംഗങ്ങളും രാജി സമർപ്പിച്ചത്. 2024 ജൂണിൽ ആയിരുന്നു അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. ഈ കമ്മറ്റിക്ക് 2027 വരെ കാലാവധിയുണ്ടായിരുന്നു.യുവനടി ഉന്നയിച്ച ലൈംഗികാരോപണത്തെ തുടർന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ആദ്യം രാജി സമർപ്പിച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ അമ്മ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.