ചങ്ങരംകുളം:പാതയോരത്ത് പൈപ്പിടായി പൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് മൂലം റോഡില്‍ പൊലിയുന്നത് നിരവധി ജീവനുകള്‍.കഴിഞ്ഞ ദിവസം ചങ്ങരംകുളം നന്നംമുക്കില്‍ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടവും കരാറുകാരുടെ അശ്രദ്ധമായ നവീകരണ പ്രവര്‍ത്തികളാണ്.വലിയ ടോറസ് ലോറിയെ മറികടക്കുന്നതിനിടെയാണ് പരിക്ഷക്ക് പോയിരുന്ന നിധിനും ആദിത്യനും സഞ്ചരിച്ച സ്കൂട്ടര്‍ മണ്‍തിട്ടയില്‍ തട്ടി റോഡില്‍ മറിഞ്ഞത്.ലോറിക്ക് അടിയിലേക്ക് വീണ നിധിന്റെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി തത്സമയം നിധിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.ആദിത്യന്‍ അതീവ ഗുരുതരാവസ്ഥയില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തുന്നത്.ഇത്തരം അപകടങ്ങള്‍ പ്രദേശത്ത് ആദ്യത്തെ സംഭവമല്ല.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാത ഉള്‍പ്പെടെ പ്രദേശത്തെ മുഴുവന്‍ ഗ്രാമീണ റോഡുകളും ജല അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തലങ്ങും വിലങ്ങും കീറിമുറിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ അധികൃതര്‍ ഇത് വരെയും നടപടിയെടുത്തിട്ടില്ല.റോഡിലെ കുഴികളും പാതയോരത്തെ മണ്‍തിട്ടകളും മൂലം അപകടങ്ങളും മരണങ്ങളും പതിവാകുമ്പോഴും അതികൃതര്‍ തുടരുന്ന മൗനം ജനങ്ങളെ രോഷാകുലരാക്കുന്നുണ്ട്.