വടക്കൻ കർണാടകയിലെ വിജയപുരയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ 2 പേർ മരിച്ചു. കോട്ടയം മൂലവട്ടം കുറ്റിക്കാട്ടു ഹൗസിൽ കെ.യു.പ്രസാദിന്റെ മകൻ രതീഷ് കെ.പ്രസാദും (43), ബിഎസ്എഫ് ജവാനും മുദ്ദേബിഹാൽ സ്വദേശിയുമായ മൗനേഷ് റാത്തോഡുമാണ് (35) മരിച്ചത്. രതീഷിന്റെ അമ്മ: പൊന്നമ്മ. സഹോദരങ്ങൾ: നിഷ, ജിഷ
മഹാരാഷ്ട്രയിലെ നന്ദേഡിൽനിന്നു കർണാടകയിലെ ചിത്രദുർഗയിലേക്കുള്ള എൻഎച്ച്–50ൽ നിഡഗുണ്ടി ബസ് സ്റ്റാൻഡിനു സമീപം ഇന്നലെ രാവിലെ 9നാണ് അപകടമുണ്ടായത്. ഗുജറാത്തിലെ വഡോദരയിൽനിന്നു വരികയായിരുന്ന ലോറി മൗനേഷ് ഓടിച്ചിരുന്ന ബൈക്കിനെയാണ് ആദ്യം ഇടിച്ചത്. തുടർന്ന്, രതീഷ് ഓടിച്ചിരുന്ന ആംബുലൻസിനു പിന്നിലേക്കു പാഞ്ഞുകയറി. അപകടത്തിന്റെ ആഘാതത്തിൽ, മുന്നിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിലേക്ക് ആംബുലൻസും ഇടിച്ചുകയറി.
ഡൽഹിയിൽനിന്ന് 2 സെക്കൻഡ്ഹാൻഡ് ആംബുലൻസുകൾ വാങ്ങിയ രതീഷ്, രണ്ട് സുഹൃത്തുക്കൾക്കൊപ്പം കോട്ടയത്തേക്ക് അവ കൊണ്ടുവരികയായിരുന്നു. അപകടത്തിൽപെട്ട ആംബുലൻസിൽ രതീഷ് മാത്രമാണുണ്ടായിരുന്നത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നതിനാൽ ക്രെയിൻ ഉപയോഗിച്ചാണു രതീഷിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.







