അമ്യൂസ്മെന്റ് പാർക്കിലുണ്ടായ റോളർ കോസ്റ്റർ അപകടത്തിൽ പ്രതിശ്രുത വരന്റെ മുന്നിൽ യുവതിക്ക് ദാരുണാന്ത്യം. ചാണക്യപുരി സ്വദേശി പ്രിയങ്ക(24) ആണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ കാപ്പഷേരയിൽ ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്ക് സന്ദർശനത്തിനിടെയായിരുന്നു അപകടം. പ്രിയങ്കയ്‌ക്കൊപ്പം പ്രതിശ്രുത വരൻ നിഖിലുമുണ്ടായിരുന്നു
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രിയങ്കയും നിഖിലും പാർക്കിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം ആറോടെ ഇരുവരും റോളർ കോസ്റ്ററിൽ കയറി. ഏറ്റവും ഉയരത്തിലെത്തിയപ്പോൾ റോളർ കോസ്റ്ററിൽ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാൻഡ് തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്ന് പൊലീസ് അറിയിച്ചു.
2023 ജനുവരിയിലാണ് പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. 2026 ഫെബ്രുവരിയിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. നോയിഡയിലെ സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജറാണ് പ്രിയങ്ക. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.