നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. സുഹൃത്തുക്കളിൽ ചിലർ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ചേച്ചിയുടെ വീട്ടിൽ പോയി വരാമെന്നു പറഞ്ഞു പോയ അലനെ പിന്നീട് ജീവനോടെ കാണാൻ കഴിഞ്ഞില്ല. വാക്കുകൾ ഇടറിയാണ് എന്താണു സംഭവിച്ചതെന്ന് സുഹൃത്തുക്കൾ വിശദീകരിച്ചത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയിൽ തടിച്ചുകൂടിയത്
വീട്ടിലെത്താൻ നൂറു മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് അലന്റെ ജീവൻ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവർ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവർ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോൺ വിളിച്ചു.‘‘അലൻ രക്തം വാർന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’’ എന്നു പറഞ്ഞാണ് അവർ ഫോൺ വിളിച്ചത്. പിന്നാലെയാണ് അലന്റെ സുഹൃത്തുക്കളും പ്രദേശവാസികളും വിവരമറിഞ്ഞത്. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മൂന്ന് ആനകൾ കാടിറങ്ങി ജനവാസമേഖലയിൽ എത്തിയിരുന്നു
കുടുംബത്തിന്റെ അത്താണിയാണ് അലന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അച്ഛൻ ജോസഫിനു കൂലിപ്പണിയാണ്. കെട്ടിടം പണിക്ക് പോകുന്ന ജോസഫിനു വല്ലപ്പോഴും മാത്രമാണു പണി ഉണ്ടാകാറ്. അലൻ കുടുംബം നോക്കാൻ തുടങ്ങിയപ്പോഴാണ് ജോസഫിനു വലിയ ആശ്വാസമായത്. കൊല്ലം ലുലു മാളിൽ ജോലിക്കു കയറിയിട്ട് കുറച്ചു മാസങ്ങൾ ആയതേയുള്ളൂ