പാലക്കാട് : പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലനാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയയ്ക്ക് ഗുരുതര പരിക്കേറ്റു. രാത്രി എട്ടിനായിരുന്നു സംഭവം.അമ്മയ്ക്കൊപ്പം അലൻ വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കണ്ണാടൻചോലയ്ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. വിജയയുടെ അമ്മയാണ് വിവരം ഫോണിൽ അയൽവാസികളെ അറിയിച്ചത്. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. പരിക്കേറ്റ അലന്റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും.