മധുര: ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് നിയമ ഭേദഗതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇന്ത്യയിൽ വിഭജന രാഷ്ട്രീയമാണെന്ന് വിമർശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും പറഞ്ഞു. പാർട്ടി കോൺഗ്രസിന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമഭേദഗതിയിലൂടെ സാമുദായിക ചേരിതിരവ് ഉണ്ടാക്കാനാണ് ശ്രമമെന്ന് പിണറായിവിജയൻ പറഞ്ഞു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനാണ് സംഘപരിവാർ നീക്കം. എന്നാൽ ആർ.എസ്.എസ് അജണ്ട മനസിലാക്കാൻ ചില മതനേതാക്കൾക്ക് ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എമ്പുരാൻ സിനിമയെ കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. എമ്പുരാൻ എന്ന ചലച്ചിത്രം രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും അതിനെതിരെ ആക്രമണം നടത്തുകയാണ്. സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കറ്റിനെക്കാൾ (സി.ബി.എഫ്.സി) വലിയ ബോർഡ് തങ്ങളാണെന്ന് സംഘപരിവാർ സ്ഥാപിച്ചെടുക്കുകയാണ്.
എമ്പുരാൻ കമ്മ്യൂണിസ്റ്റ് ചിത്രമല്ല, അത് രാഷ്ട്രീയ ചിത്രവുമല്ല. എന്നിട്ടും സിനിമയിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു. ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു. ഇത് സിനിമയെയും അതിന് വേണ്ടി അദ്ധ്വാനിച്ചവരേയും ബാധിക്കും.
കത്തോലിക്ക സഭയെക്കുറിച്ച് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ സർക്കാർഇതര ഭൂഉടമ കത്തോലിക്ക സഭയെന്നാണ് ലേഖനത്തിൽ പറയുന്നത്. ക്രിസ്ത്യൻ ദേവാലയങ്ങളുടെ സ്വത്തിനെയും ആർ.എസ്.എസ് ലക്ഷ്യമിടുന്നുണ്ട്. മഹത്തായ പാരമ്പര്യം പങ്കുവയ്ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ജനകീയ ബദൽ രൂപപ്പെടുത്താനുള്ള സമരങ്ങളിൽ രണ്ട് സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ടതുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.