തിരുവനന്തപുരം: എട്ടാം ക്ളാസിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ളാസ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ളാസ് പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. 2241 സ്‌കൂളുകളിൽ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ തോൽവിയുള്ളത്. ഏറ്റവും കുറവ് കൊല്ലത്തും. ഹിന്ദി വിഷയത്തിലാണ് കൂടുതൽ കുട്ടികൾ തോറ്റത്, കുറവ് ഇംഗ്ളീഷിലും. ഓരോ വിഷയത്തിനും 30 ശതമാനമാണ് മിനിമം മാർക്ക്. മിനിമം മാർക്കിനെ എതിർക്കുന്നവർ കുട്ടികളുടെ സ്ഥിതി മനസിലാക്കണം. ജില്ലാടിസ്ഥാനത്തിൽ മിനിമം മാർക്കുകളുടെ കണക്കുകൾ പരിശോധിക്കും. കണക്കുകൾ ഒത്ത് നോക്കും. ഒരു വിഷയത്തിന് മാത്രം കൂടുതൽ കുട്ടികൾ തോൽക്കുന്നത് പരിശോധിക്കും. എഴുത്ത് പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കും. പ്രസ്‌തുത വിദ്യാർത്ഥികൾക്ക് ഏപ്രിൽ എട്ടുമുതൽ 24വരെ പ്രത്യേക ക്ളാസുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ ക്ളാസിൽ മാത്രം വിദ്യാർത്ഥികൾ പങ്കെടുത്താൽ മതിയാവും. രാവിലെ 9.30 മുതൽ 12.30വരെയായിരിക്കും പ്രത്യേക ക്ളാസ്. ഏപ്രിൽ 25 മുതൽ 28വരെ പുനഃപരീക്ഷ നടത്താനും തീരുമാനമായി. ഏപ്രിൽ 30ന് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. അടുത്തവർഷം ഏഴാം ക്ളാസിന് മിനിമം മാർക്ക് നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.