കാക്കനാട്∙ ഓൺലൈൻ ട്രേഡിങ്ങിന് എന്ന വ്യാജേന ഹൈക്കോടതി മുൻ ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (33), കോഴിക്കോട് ഇടച്ചേരി സ്വദേശികളായ ചെറിയവട്ടക്കണ്ടിയിൽ എൻ. മിർഷാദ് (32), തെങ്ങുള്ളത്തിൽ മുഹമ്മദ് ഷെർജിൽ (22) എന്നിവരാണു പിടിയിലായത്. ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയാണ് ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയത്. ഇതിൽ 30 ലക്ഷം രൂപ പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതായും പിന്നീടു പിൻവലിച്ചതായും പൊലീസ് കണ്ടെത്തി.
കേസിൽ 6 പേരെ കൂടി പിടികിട്ടാനുണ്ട്. തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന പണം പിൻവലിച്ചു ക്രിപ്റ്റോ കറൻസിയിലൂടെയും ഡോളർ കൺവർഷനിലൂടെയും വിദേശ നിക്ഷേപമാക്കി മാറ്റുകയാണു ഇവർ ചെയ്തിരുന്നത്. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. രാജ്യത്തെ 280 ബാങ്ക് അക്കൗണ്ടുകൾ വഴി 311 ഇടപാടുകൾ ഈ കേസിനോടനുബന്ധിച്ചു നടന്നതായി പൊലീസ് കണ്ടെത്തി. തട്ടിപ്പുകാർ ഉപയോഗിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കംബോഡിയ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി