റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴയും ഇടിമിന്നലും തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലൂടെയും താഴ്‌വരകളിലൂടെയുമുള്ള യാത്ര ഒഴിവാക്കണമെന്നും നീന്തൽ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു. മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് വീശുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തബൂക്ക്, മദീന, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ, ഹായിൽ, ഖാസിം, അൽ-ബഹ, അസീർ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജസാൻ മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും, അതേസമയം നജ്‌റാൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.