ചുരുക്കം കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഗീതി സംഗീത. സിനിമയിലെ ചില പ്രശ്നങ്ങളെക്കുറിച്ച് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. സർക്കാർ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നത് അഭിനയിക്കുക എന്ന ഒരൊറ്റ മോഹം കൊണ്ടാണെന്നും ഗീതി പറഞ്ഞു. ചെറിയ വേഷങ്ങളാണ് അഭിനയിക്കുന്നതെങ്കിലും സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗീതി ഇക്കാര്യങ്ങൾ പങ്കുവച്ചത്. ‘അവസരങ്ങൾക്കായി സിനിമയിൽ ചില വിട്ടുവീഴ്ചകൾ നടിമാർ ചെയ്യണമെന്ന കാര്യത്തിനോട് ഞാൻ യോജിക്കുന്നില്ല. എന്റെ ആദ്യത്തെ ചിത്രം റിലീസായത് 2017ലാണ്. അങ്ങനെ ഒരു അവസ്ഥ എനിക്കുണ്ടായിരുന്നുവെങ്കിൽ 2025 വരെ ഞാൻ സിനിമയിൽ തുടരുമായിരുന്നില്ല. ആരുടെയും അനുവാദമില്ലാതെ ഒരു തരത്തിലുളള അതിക്രമങ്ങളും നടക്കില്ല. ഞാൻ സിനിമയിൽ വന്ന സമയത്ത് ഒരാൾ മാത്രമാണ് എന്നോട് അഡ്ജസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചത്. ഞാൻ പ്രതിഫലം അഡ്ജസ്റ്റ് ചെയ്യാമോയെന്നാണ് അതിലൂടെ മനസിലാക്കിയത്. അയാൾ ഉദ്ദേശിച്ച കാര്യം എനിക്ക് മനസിലായില്ല. പിന്നീട് അയാൾ കൃത്യമായി കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നത്. അത് കണ്ടപ്പോൾ അയാൾ എന്നോട് ദേഷ്യപ്പെട്ടു.
അഭിനയത്തിനായി സർക്കാർ ജോലി കളഞ്ഞ വ്യക്തിയാണ് ഞാൻ. സിനിമയിൽ അവസരം ലഭിച്ചില്ലെങ്കിൽ നാടകം ചെയ്‌തോളാം എന്ന ചിന്താഗതിയായിരുന്നു എനിക്ക്. അതിനുശേഷം പലതരത്തിലുളള അനുഭവങ്ങളും ഞാൻ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ഉദ്ദേശവുമില്ലാത്ത ടീമുകൾക്കൊപ്പമാണ് ഞാൻ പ്രവർത്തിച്ചിട്ടുളളത്. എന്റെ അഭിനയം ഇഷ്ടപ്പെട്ടാണ് സിനിമകൾ ചെയ്യാൻ വിളിക്കുന്നത്. അതിൽ സന്തോഷമാണ്. ക്ഷമയോടെ കാത്തിരുന്നാൽ നല്ല അവസരങ്ങൾ വരും. എന്നാൽ പലയാളുകളും അഡ്ജസ്റ്റ്മെന്റ് ചെയ്യാൻ തയ്യാറാണ്. അത് ഞങ്ങളെ പോലുളളവരെയാണ് ബാധിക്കുന്നത്. സംവിധായകരാണ് എന്നെ സിനിമകളിൽ കാസ്റ്റ് ചെയ്യുന്നത്. പക്ഷെ ചില സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെട്ടു. അതിന്റെ കാരണം എന്താണെന്ന് തിരക്കുമ്പോൾ നിർമാതാക്കൾ പുതിയ താരങ്ങളെ കൊണ്ടുവന്നുവെന്ന് പറയും. അതൊക്കെ ഞാൻ ഉൾക്കൊളളുന്നു’- ഗീതി പറഞ്ഞു.