പാലക്കാട്: ജ്യോത്സ്യനെ വീട്ടിൽ വിളിച്ചുവരുത്തി ഹണിട്രാപ്പിലൂടെ സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. മഞ്ചേരി സ്വദേശി മൈമൂന (44), കുറ്റിപ്പള്ളം സ്വദേശി എസ് ശ്രീജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്, കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. പ്രതികൾ ജ്യോത്സ്യനെ കല്ലാണ്ടിച്ചളളയിലെ വീട്ടിൽ വിളിച്ചുവരുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൈമൂനയും മറ്റൊരു യുവാവും ജ്യോത്സ്യന്റെ വീട്ടിലെത്തിയിരുന്നു. ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹരിച്ച് തരണമെന്നും മൈമൂന ജ്യോത്സ്യനോട് ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ ജ്യോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ച് പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ഒരാൾ അസഭ്യം പറഞ്ഞ് ജ്യോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വിവസ്ത്രനാക്കുകയായിരുന്നു. ശേഷം മൈമൂനയെ ജ്യോത്സ്യനോടൊപ്പം നിർത്തി ചിത്രങ്ങളും വീഡിയോയും പകർത്തി. ഇയാളുടെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ വരുന്ന സ്വരർണമാലയും മൊബൈൽ ഫോണും 2000 രൂപയും പ്രതികൾ കൈക്കലാക്കി. ഒടുവിൽ പ്രതികൾ ജ്യോത്സ്യനോട് 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ പ്രതികൾ വീടിന് പുറത്തുപോയ സമയത്ത് ജ്യോത്സ്യൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന് പരാതി നൽകിയത്. ഇതേസമയം, ചിറ്റൂർ പൊലീസ് മറ്റൊരു കേസിലെ പ്രതിയെ തേടി കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തുകയായിരുന്നു.ഇത് കണ്ട പ്രതികൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. പൊലീസ് വീട് പരിശോധിക്കുന്നതിനിടയിലാണ് പൂജ നടത്തിയ ലക്ഷണങ്ങൾ കണ്ടെത്തിയത്. രക്ഷപ്പെട്ട് ഓടിയ ഒരു സ്ത്രീ മദ്യലഹരിയിൽ റോഡിൽ വീണു കിടക്കുന്നത് കണ്ട് നാട്ടുകാർ ചോദ്യംചെയ്തതോടെയാണ് ഹണിട്രാപ്പും കവർച്ചയും പുറത്തറിയുന്നത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നടന്ന സംഭവമെല്ലാം പുറത്തറിഞ്ഞത്. മൈമൂനയും മറ്റൊരു സത്രീയും ഉൾപ്പടെ ഒമ്പത് പേർ കേസിൽ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.