ഭർത്താവിനൊപ്പം കശുവണ്ടിപെറുക്കൽ ജോലിക്ക് വയനാട്ടിൽനിന്നെത്തിയ യുവതിയെ കശുമാവിൻതോട്ടിലെ കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടത്തി. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂർ കാരിമന്തം പണിയ ഉന്നതിയിലെ ആലാറ്റിൽ രജനി (37) ആണ് മരിച്ചത്. ഭർത്താവ് ബാബുവിനെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ബ്ലാത്തൂർ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ വന്നവരായിരുന്നു. ചെങ്കല്ല് കൊത്തി ഒഴിവാക്കിയ ഊരത്തൂരിലെ പണയിൽ കെട്ടിയ ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യലഹരിയിൽ ഭാര്യയുമായി വാക്കേറ്റമുണ്ടായതായി ഭർത്താവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിനുശേഷം താൻ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയിൽ കണ്ടെന്നുമാണ് ഭർത്താവ് ബാബു പറയുന്നത്.
സമീപത്തെ മുറിയിൽ താമസിക്കുന്നത് ഇവരുടെ ബന്ധുവായ മിനിയാണ്. മിനിയും ഭർത്താവ് ബാബുവും ഇതേ തോട്ടത്തിലാണ് പണിയെടുക്കുന്നത്. രാത്രിയിൽ നടന്ന വാക്കേറ്റത്തെപ്പറ്റി ഇവരും പോലീസിന് മൊഴി നൽകിയിരുന്നു. രജനിയുടെ മുഖത്തും ശരീരത്തിൽ പലയിടത്തും മുറിവുകൾ കാണപ്പെട്ടതും സംശയമുയർത്തുന്നുണ്ട്. ഇവർക്ക് ഏഴ് മക്കളാണുള്ളത്. അതിൽ അഞ്ചുപേർ വയനാട്ടിലാണ്. രണ്ട് ചെറിയ കുട്ടികൾ ദമ്പതിമാർക്കൊപ്പം താമസിച്ചുവരികയാണ്.
കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പലിവാൾ, ഇരിട്ടി ഡിവൈ.എസ്.പി. പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്.എച്ച്.ഒ. രാജേഷ് ആയോടൻ എന്നിവരും കണ്ണൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിക്കൂർ എസ്.ഐ. ഷിബു എഫ്. പോൾ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തലപ്പുഴയിലേക്ക് കൊണ്ടുപോകും. കൂടെയുണ്ടായിരുന്ന മക്കളെ മറ്റ് ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് അയച്ചു. മക്കൾ: ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്ജേഷ്, ബിജിൻ ബാബു.
നിലത്ത് പായയിൽ കിടന്നനിലയിലായിരുന്നു മൃതദേഹം. തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുള്ളതിനാൽ കൊലപാതകമാണോയെന്ന സംശയമുയർന്നിട്ടുണ്ട്.
ദുരൂഹതയുള്ളതിനാൽ ഭർത്താവിനെ ഇരിക്കൂർ എസ്.എച്ച്.ഒ. രാജേഷ് ആയോടൻ കസ്റ്റഡിയിലെടുത്തു. ബ്ലാത്തൂർ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാനെത്തിയ ദമ്പതിമാർ മദ്യപിച്ച് വഴക്കിടുന്നത് പതിവാണെന്നാണ് തൊട്ടടുത്ത മുറിയിലുണ്ടായ ബന്ധുക്കൾ പറയുന്നത്. വയനാട്ടിലുള്ളപ്പോഴും രജനിയെ ഭർത്താവ് മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇതേപോലെ വഴക്ക് നടന്നിരുന്നു. എന്നാൽ വഴക്കിന് ശേഷം താൻ കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയിൽ കാണുകയായിരുന്നുവെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്.
ഖനനം നിർത്തിയ ചെങ്കൽ പണയിൽ നട്ടുവളർത്തിയ കശുമാവിൻ തോട്ടമാണ് ഇവിടെയുള്ളത്. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന ബഹളങ്ങളൊന്നും നാട്ടുകാരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ പോലീസ് വരുന്നത് കണ്ടാണ് നാട്ടുകാർ മരണവാർത്ത അറിയുന്നത്. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ. പഞ്ചായത്ത് പ്രസിഡൻറ് ബി. ഷംസുദ്ദീൻ, വൈസ് പ്രസിഡൻറ് ആർ. മിനി, പഞ്ചായത്തംഗം കെ. സുനിത എന്നിവരും സ്ഥലത്തെത്തി.