സമൂഹമാധ്യമങ്ങളില്‍ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും കുടുംബത്തെ കുറിച്ചും വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് പിന്നണി ഗായിക കല്‍പനാ രാഘവേന്ദര്‍. താന്‍ ആത്മഹത്യാ ശ്രമം നടത്തിയതായി വ്യാജ പ്രചാരണം ഉണ്ടായി. കഴിഞ്ഞ ജനുവരി മുതല്‍ കടുത്ത ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നുവെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തൊണ്ടയില്‍ അണുബാധയും വൈറല്‍ പനിയും ഉണ്ടായി. ശരിയായി ഉറക്കം കിട്ടാത്ത അവസ്ഥ ആയിരുന്നു. ഇൻസോമ്നിയയ്ക്ക് ഉറക്ക ഗുളിക കഴിക്കുന്നുണ്ടായിരുന്നു. മാര്‍ച്ച് 4ന് മരുന്ന് കഴിച്ചത് ശരീരത്തിന് താങ്ങാവുന്നതില്‍ കൂടുതല്‍ ആയിരുന്നു. മരുന്നു കഴിച്ച് ഭര്‍ത്താവിനെ ഫോണ്‍ ചെയ്തപ്പോഴേക്കും ഉറങ്ങിപ്പോയി. മാര്‍ച്ച് 4ന് ആണ് ഹൈദരാബാദില്‍ എത്തിയത്. അന്നു വൈകിട്ട് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.18 മുതല്‍ 40 വരെ ഗുളികകള്‍ കഴിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യാ ശ്രമത്തിന് കാരണം തന്റെ ഭര്‍ത്താവാണ് എന്നുവരെ വാര്‍ത്തകള്‍ വന്നു. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഗുളിക ഓവര്‍ഡോസ് ആയ അവസ്ഥയില്‍ എന്നെ രക്ഷിച്ചത് ഭര്‍ത്താവാണ്. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി വിശദീകരിക്കേണ്ടി വന്നു. എന്റെയും ഭര്‍ത്താവിന്റെയും മൊബൈല്‍ ഫോണുകള്‍ ഓണ്‍ ആയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ആരും തന്നോട് എന്താണ് യാഥാര്‍ഥ്യം എന്ന് ഫോണില്‍ പോലും അന്വേഷിച്ചില്ല. ഭര്‍ത്താവിന്റെയും മകളുടെയും പേര് വലിച്ചിഴക്കാന്‍ താന്‍ എന്ത് തെറ്റു ചെയ്തുവെന്നും കല്പനാ രാഘവേന്ദര്‍ ചോദിച്ചു.