താനൂർ(മലപ്പുറം): താനൂരിൽനിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണങ്ങൾക്കായി പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക്. കുട്ടികൾ സന്ദർശിച്ച ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികൾക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.ഇപ്പോഴും സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ തുടരുന്ന പെൺകുട്ടികളെ ഞായറാഴ്ച തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു.കുട്ടികൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കാത്തത് വിവരങ്ങൾ വ്യക്തമാകാൻ തടസ്സമാകുന്നുണ്ട്. മുംബൈ യാത്രയിൽ കുട്ടികളുടെ കൈവശമുണ്ടായിരുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല. രക്ഷിതാക്കളിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതിൽ എന്തെങ്കിലും പ്രയാസമോ പരിഭ്രമമോ കുട്ടികൾക്കില്ല. കുട്ടികളെ രക്ഷിതാക്കൾക്ക് വിട്ടുനൽകുന്നതിന് മുൻപായി രക്ഷിതാക്കൾക്ക് കൂടി കൗൺസലിങ് നടത്തും.അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അക്ബർ റഹീമിനെ 21 ദിവസം റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലേക്ക് ഉടൻ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കുട്ടികളുമായി നാലുമാസം മുൻപ് മാത്രം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ അടുക്കുകയായിരുന്നൂവെന്നാണ് ഇവർ തമ്മിൽ കൈമാറിയ ഫോട്ടോകളും ചാറ്റുകളും വ്യക്തമാക്കുന്നത്. സംഭവത്തിൽ പുറമേനിന്നുള്ള മറ്റാർക്കും ബന്ധമില്ലെന്നുതന്നെയാണ് ഇപ്പോഴും പോലീസിന്റെ പ്രാഥമിക നിഗമനം. മുംബൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമായാലേ മറ്റു ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമാകൂ.