കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ (24) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ്.കാളീശ്വരി ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ തൂങ്ങിമരിച്ചതല്ലെന്നും അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്നു കണ്ടെത്തണമെന്നും ആര്‍ഡിഒയോട് ആവശ്യപ്പെട്ടതായി ശ്രുതിയുടെ പിതാവ് ബാബു പറഞ്ഞു.
മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ഡിഒയ്ക്കു നല്‍കിയെന്നും രണ്ടു മണിക്കൂറോളം ആര്‍ഡിഒ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബാബു പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷം നടപടി സ്വീകരിക്കാമെന്ന് ആര്‍ഡിഒ കുടുംബത്തെ അറിയിച്ചു. നവംബര്‍ ഏഴിന് വീണ്ടും ഹാജരാകാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ശ്രുതിയുടെ ഭര്‍തൃമാതാവ് ചെമ്പകവല്ലിയുടെ സംസ്‌കാരം ഇന്ന് നടന്നു.
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും വിവാഹ സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ശ്രുതിയുടെ വാട്‌സാപ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു
ശ്രുതിയുടെ മരണ വിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ പിതാവ് ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.വിവാഹം കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളില്‍ വധു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം ആയതിനാല്‍ ആര്‍ഡിഒ നേരിട്ട് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് കാര്‍ത്തിക്, മാതാവ് ചെമ്പകവല്ലി എന്നിവരുടെ മൊഴിയെടുത്തിരുന്നു.