ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാൻ. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമായിരുന്നു സിനിമ നേടിയിരുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിൽ സജിൻ ഗോപുവും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്. മാർച്ച് 14 ന് ജിയോ ഹോട്സ്റ്റാറിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. മരിയാനോ ആയി സജിൻ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സമ്മാനിച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്. ദീപക് പറമ്പോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ.