കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശിയായ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. ഇവർ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് പറയുന്നത്. ഹോൺ അടിച്ചിട്ടും ഇവർ മാറിയില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നൽകി.കോട്ടയം – നിലമ്പൂർ എക്‌സ്‌പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇവർ ജീവനൊടുക്കിയത്. സംഭവത്തിന് ശേഷം ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെയും അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ തിരിച്ചറിയാനായിരുന്നില്ല. വസ്‌ത്രവും ചെരുപ്പും കണ്ടിട്ടാണ് ഒരു സ്‌ത്രീയും രണ്ട് പെൺകുട്ടികളുമാകാം ഇതെന്ന നിഗമനത്തിലെത്തിയത്. അന്യസംസ്ഥാനക്കാരാണോ എന്ന സംശയവുമുണ്ടായിരുന്നു.എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികളായ അമ്മയും മക്കളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ ആത്മഹത്യയിൽ ഷൈനിയുടെ ഭർത്താവിന് നേരെ ആരോപണം ഉയർന്നിട്ടുണ്ട്. ബന്ധുക്കളിൽ നിന്നടക്കം പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. തൊടുപുഴയിലെ ഭർതൃവീട്ടിൽ നിന്ന് ഏറ്റുമാനൂരിലെ വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു ഷൈനി എന്നാണ് വിവരം.