തിരുവനന്തപുരം: സിനിമ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. ആന്റണിയുടെ മറുപടിക്ക് ശേഷം തുടർനടപടി ഉണ്ടാകുമെന്നും ഫിലിം ചേംബർ അറിയിച്ചു. ജി സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തിരുമാനമാണ്. അതേസമയം, സിനിമാ സമരത്തിൽ ഉറച്ച് നിൽക്കുകയാണ് ചേംബർ. മറ്റ് സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്നും സൂചന പണിമുടക്ക് ഉണ്ടാകുമെന്നും ഇതിന്റെ തിയതി പിന്നീട് അറിയിക്കുമെന്നും ചേംബർ ഭാരവാഹികൾ അറിയിച്ചു. ചേംബർ നിലനിൽക്കുന്നത് വ്യവസായത്തിന് വേണ്ടിയാണ്. ഒരു താരവും സിനിമ വ്യവസായത്തിൽ അഭിവാജ്യ ഘടകം അല്ല. ആര് അഭിനയിച്ചാലും ഒടിടി സെയിലും സാറ്റലൈറ്റ് സെയിലുമില്ല. പടം പൊട്ടിയാൽ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുമോ. പല താരങ്ങളും പ്രമോഷനോട് സഹകരിക്കുന്നില്ല. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും ഫിലിം ചേംബർ ആരോപിച്ചു. സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് എല്ലാ മാസവും പുറത്ത് വിടും. താരങ്ങൾ എന്നത് ആരുടേയും മൊണോപൊളി അല്ലെന്നും ഇവരെ 6 മാസം കാണാതിരുന്നാൽ ജനം മറക്കുമെന്നും ഫിലിം ചേംബർ അംഗങ്ങൾ പറഞ്ഞു.