എറണാകുളം: വാർഡ് വിഭജനം നിയമപരമെന്ന് ഹൈക്കോടതി. വിവിധ ഇടങ്ങളിലെ വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണ്. നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ല. വാർഡ് പുനർ വിഭജനത്തിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. 2011ലെ സെൻസസിൻ്റെ വെളിച്ചത്തിൽ 2015ൽ വാർഡ് പുനർവിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്താനാകില്ലെനന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. ഇതാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.