മാറഞ്ചേരി:കുടുംബങ്ങളെ തകർക്കുന്ന പലിശയെ ഒഴിവാക്കുന്നതിന് പ്രാദേശിക തലങ്ങളിൽ തണൽ പോലുള്ള പലിശരഹിത മൈക്രോ ഫിനാൻസ് സംവിധാനങ്ങൾ വ്യാപകമാകണമെന്ന് പ്രമുഖ ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി പറഞ്ഞു.നാട് തോറും വളർന്ന് വരുന്ന കഴുത്തറുപ്പൻ പലിശ വാങ്ങുന്ന ബ്ലേഡ് സ്ഥാപനങ്ങൾ കുടുംബിനികളെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇവരുടെ കടക്കെണിയിൽ പെടുന്നവരിൽ പലരും ആത്മഹത്യയിൽ അഭയം തേടുന്നു. ഈ ഘട്ടത്തിൽ കുടുംബങ്ങൾ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് സ്വയം തയ്യാറാകണം.പരസ്യങ്ങളുടെ വലയിൽ പെട്ട് അനാവശ്യങ്ങൾക്ക് പിന്നാലെ പോകുന്നത് കുടുംബിനികൾ ഒഴിവാക്കണം. ഓരോ കുടുംബങ്ങളിലും അവരവരുടെ വരുമാനത്തിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കണം.സ്ത്രീകൾക്ക് അതിൽ മുഖ്യ വഹിക്കാൻ കഴിയണം.തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കുട്ടങ്ങളുടെ നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തണൽ 16-ാം വാർഷികാഘോഷത്തിന് മുന്നോടിയായായാണ് തണൽ ഓഡിറ്റോറിയത്തിൽ നേതൃസംഗമം നടന്നത്.തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.എ.സൈനുദ്ധീൻ, എ.മൻസൂർ, കെ.വി. മുഹമ്മദ്, ടി. പി. നാസർ, നാസർ മണമൽ എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി എ. മുഹമ്മദ് മുബാറക് സ്വാഗതവും അയൽകൂട്ടം പ്രസിഡൻ്റ് ബേബി പാൽ നന്ദിയും പറഞ്ഞു.അയൽകൂട്ടാംഗങ്ങളുടെയും മക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.