ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(FEFSI)’ എന്ന സംഘടനയ്ക്കാണ് നടൻ പണം കൈമാറിയതെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാർട്ട്മെന്റ് നിർമാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്തെന്ന വിവരം സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചത്. സംഘടന നിർമിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വിവിധ സിനിമസംഘടനകൾക്ക് ഭൂമി പാട്ടത്തിന് നൽകിയുള്ള സംസ്ഥാന സർക്കാരിന്റെ പുതുക്കിയ ഉത്തരവ് ഫെബ്രുവരി 21-ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ കൈമാറിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(FEFSI), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾക്കാണ് ഭൂമി ലഭ്യമാക്കിയത്. ഇതിൽ തമിഴ് സിനിമ, ടെലിവിഷൻ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ.