പട്ടാമ്പി ഉപജില്ല കലോത്സവത്തിൽ 2 അധ്യാപകർ ഗ്രേഡ് തിരിമറി നടത്തിയതായി കണ്ടെത്തൽ. ഉപജില്ലാ കലോത്സവം നടന്ന എടപ്പലം പി ടി എം വൈ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരായ കെ സി സന്ദീപ്, ജംഷീദ് എന്നിവരാണ് ഗ്രേഡ് തിരുത്തി തിരിമറി നടത്തിയതെന്ന് കണ്ടെത്തിയത്. പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇവർ തിരുമറി നടത്തിയെന്ന് വ്യക്തമാക്കിയിട്ടുള്ളത്.തെറ്റുപറ്റിയെന്നുള്ള വിശദീകരണം സന്ദീപ് നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കലോത്സവത്തിൽ മത്സര ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ചുമതല ഉണ്ടായിരുന്നത് സന്ദീപിനായിരുന്നു. തന്റെ സ്കൂളിന് നേട്ടമുണ്ടാക്കാൻ വെബിൽ സന്ദീപ് ഗ്രേഡ് തിരുത്തുകയായിരുന്നു. ജംഷീദിന്റെ പ്രേരണ പ്രകാരമാണ് താൻ തിരിമറി നടത്തിയതെന്നാണ് സന്ദീപിന്‍റെ വിശദീകരണം. നടുവട്ടം ജനത സ്കൂളിലെ 5 ഫലങ്ങൾ എ ഗ്രഡിൽ നിന്നും ബി ഗ്രേഡ് ആക്കി മാറ്റുകയും എടപ്പലം പി ടി എം വൈ സ്കൂളിലെ രണ്ട് ബിഗ്രേഡുകൾ എ ഗ്രേഡുകൾ ആക്കി മാറ്റുകയും ചെയ്തുവെന്ന് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കിയ ഹയർ സെക്കന്‍ഡറി വിഭാഗം ഓവറോൾ കപ്പ് നടുവട്ടം ജനത സ്കൂളിന് കൈമാറി.മത്സരർഥിയുടെ രക്ഷിതാവിന്‍റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്. അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.