കേരളത്തിൽ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന്റെ വികസനപദ്ധതികൾ ഏറെ സജീവമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ വൈകാതെ പ്രഖ്യാപിക്കും. കേരളത്തിലെ പ്രധാന നിക്ഷേപകരിൽ ഒന്നാണ് ലുലു എന്നതിൽ അഭിമാനമുണ്ട്. ഷോപ്പിംഗ് മോളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും ലുലു കേരളത്തിൽ സ്ഥാപിച്ചു. ലോജ്സ്റ്റിക്സ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, കോൾഡ് സ്റ്റോറേജുകൾ എന്നിവയുമുണ്ട്. കളമശേരിയിൽ ഭക്ഷ്യ സംസ്കരണ പാർക്ക് സജ്ജമാക്കും. ഇൻഫോപാർക്കിൽ 15,000 പേർക്ക് തൊഴിൽ ചെയ്യാവുന്ന രണ്ട് ഐടി ടവറുകളും ലുലു സ്ഥാപിച്ചു. 25,000 പേർക്ക് പേർക്കിരിക്കാവുന്ന പുതിയ ഇരട്ട-ഐടി ടവർ ഉടൻ ഉദ്ഘാടനം ചെയ്യും. കേരളം നിക്ഷേപ സൗഹൃദമാണെന്നതിന് ഉദാഹരണമാണ് ലുലുവിന്റെ പദ്ധതികളെന്നും 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയാവുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് കരുത്തേകാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് മെഡിക്കൽ ടൂറിസം, റോബട്ടിക്, ഹെൽത്ത്കെയർ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ട്. വിദ്യാഭ്യാസ ഹബ് ആയി വികസിക്കാനും കഴിയും. അതു സാധ്യമായാൽ കേരളത്തിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് പോകുന്നതിനു പകരം ലോകമെമ്പാടു നിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാം. സംസ്ഥാനത്തിന്റെ വികസനത്തിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് ഒരേ അഭിപ്രായമുണ്ടാകുന്നത് നിക്ഷേപകർക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.