കൊച്ചി: ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പിൽ രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട്കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി ആദ്യം ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി. ആദ്യമായി നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മലയാളികൾ കൂടി അറസ്റ്റിലാകുന്നത്. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ നാല് പേരെയാണ് ഇ.ഡി. നേരത്തെ അറസ്റ്റ് ചെയ്തത്. ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് ഇ.ഡിയുടെ അറസ്റ്റ്. ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തു, ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കുന്നു, മോര്‍ഫിങ്ങിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടി തുടങ്ങിയ കാര്യങ്ങളും ഇ.ഡി. കണ്ടെത്തിയതിനെ തുടർന്നായിരുന്നു നാല് പേരെ അറസ്റ്റ് ചെയ്തത്. 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയത്. ചൈനീസ് ആപ്പുകള്‍ വഴി ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മൊബൈല്‍ ഡേറ്റ ഫോട്ടോകള്‍ സഹിതം കൈക്കലാക്കുകയും പിന്നീട് ഫോണിന്റെ നിയന്ത്രണം ഇവരുടെ കൈയ്യിലാക്കുകയും ചെയ്യുന്നു. പിന്നീട് വ്യക്തിപരമായി ചിത്രങ്ങളും ഇവര്‍ പിന്നീട് ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം ചെറിയ തുകകള്‍ നല്‍കി. പിന്നീട് വലിയ തുകകള്‍ നല്‍കുന്നതാണ് ലോണ്‍ ആപ്പിന്റെ രീതി. ലോണ്‍ തുക കൂടുമ്പോള്‍ പലിശയിനത്തില്‍ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായ ചിത്രങ്ങള്‍ വെച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇതോടെ നിരവധി പേർ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള സംഭവങ്ങളാണ് ഉണ്ടാകുന്നത്.