തൃപ്രയാർ : മദ്യപിച്ച് വീട്ടിൽ വരുന്നതിനെ എതിർത്തതിന്റെ വൈരാഗ്യത്തിൽ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തയാൾ പിടിയിൽ. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ജിത്ത് (35) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മായിയെ കാണാൻ സമീപത്തെ വീട്ടിൽ ജിത്ത് മദ്യപിച്ച് എത്തിയിരുന്നു. അമ്മായിയുടെ മകൻ ഹരിയുടെ ഭാര്യ ജിത്തിനോട് മദ്യപിച്ച് വീട്ടിൽ വരരുതെന്ന് പറഞ്ഞതിനാണ് ഇന്നലെ രാവിലെ എട്ടോടെ വീടിനുനേരേ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത്.ഹരിയുടെ വീടിൻ്റെ വാതിലിൽ വെടിയുണ്ട തുളച്ച് കേടുപാടുണ്ടായി.ഹരിയുടെ ഭാര്യ വലപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് എത്തി രണ്ട് എയർ ഗണ്ണുകളും പെല്ലറ്റുകളും സഹിതം ജിത്തിനെ പിടികൂടി. എസ്എച്ച്ഒ എംകെ രമേഷ്, എസ്ഐമാരായ സിഎൻ എബിൻ, ആന്റണി ജിംബിൾ, പ്രാബേഷനറി എസ്ഐ ജിഷ്ണു, എസ്സിപിഒ അനൂപ്, സിപിഒ സന്ദീപ് എന്നിവരുടെ സംഘമാണ് ജിത്തിനെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇയാളുടെ പേരിൽ കേസെടുത്തത്. ജിത്തിൻ്റെ പേരിൽ ആറ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.