ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മേല്‍നോട്ട സമിതി പരിഹാരം കാണണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ഉന്നയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മേല്‍നോട്ട സമിതിയിലൂടെയും വിഷയങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.കേന്ദ്ര മേല്‍നോട്ട സമിതി ഉടന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും യോഗം വിളിക്കണം. ഇരു സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനങ്ങള്‍ മേല്‍നോട്ട സമിതി കണ്ടെത്തണം. തര്‍ക്ക വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കം സമിതി തീരുമാനമെടുക്കണം. മേല്‍നോട്ട സമിതി എടുക്കുന്ന തീരുമാനങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതിയെ റിപ്പോര്‍ട്ടിലൂടെ അറിയിക്കണം.മേല്‍നോട്ട സമിതിക്ക് തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി പറഞ്ഞു. തമിഴ്‌നാടിന്റെ പ്രവര്‍ത്തികള്‍ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍കെ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള ഹര്‍ജികള്‍ ഒരുമിച്ച് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതില്‍ തീരുമാനമെടുക്കുന്നതിന് ചീഫ് ജസ്റ്റിസിന് വിട്ടു. നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നായിരുന്നു തമിഴ്‌നാട് ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.