മൂന്നാർ ബസ് അപകടത്തിൽ മരണം മൂന്നായി. സുതൻ ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യനില വഷളായതിനെത്തുടർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് മരണപ്പെടുകയായിരുന്നു. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ ആദികയും വേണികയും നേരത്തെ മരിച്ചിരുന്നു.നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ മൂന്നുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിചൊവ്വാഴ്ച വൈകിട്ടോടെ നാഗർകോവിലിൽ നിന്ന് മൂന്നാറിൽ എത്തിയ വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ മൂന്നുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മൂന്നാറിലുള്ള ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാട്ടുപ്പെട്ടിയിൽ നിന്ന് കുണ്ടള ഡാം സന്ദർശിക്കാൻ പോകും വഴിയാണ് അപകടം. മാട്ടുപ്പെട്ടി എക്കോ പോയിൻ്റിന് സമീപം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥികളാണ് മരിച്ചത്. അമിത വേഗതയിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടമായി എന്നാണ് പോലീസിന്റെ നിഗമനം. ബസ് ഡ്രൈവറെ മൂന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ ഇയാളെ വൈദ്യ പരിശോധനകൾക്ക് ശേഷം ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.