തൃശ്ശൂർ ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പ്രതി കവർച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ. ദിവസങ്ങൾ നീണ്ട തയാറെടുപ്പാണ് കവർച്ചയ്ക്കായി പ്രതിയായ ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആൻറണി നടത്തിയത്. മോഷണം നടത്താനുള്ള തീയതി ആഴ്ചകൾക്കു മുന്നേതന്നെ റിജോ നിശ്ചയിച്ചിരുന്നു. മാസത്തിലെ രണ്ടാം വെള്ളിയാഴ്ചയാണ് കവർച്ചയ്ക്കായി തിരഞ്ഞെടുത്തത്. പോട്ട പള്ളിയിൽ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും അവസാന വെള്ളിയാഴ്ചയും പ്രാർത്ഥനകൾ ഉണ്ട്. രണ്ടാം വെള്ളിയാഴ്ച പള്ളിയിൽ ചടങ്ങുകൾ ഇല്ലാത്തതിനാൽ ആണ് ഈ ദിവസം തന്നെ പ്രതി തിരഞ്ഞെടുത്തത്.കഴിഞ്ഞദിവസം രാത്രിയോടെയാണ് തൃശ്ശൂർ റൂറൽ പോലീസ് റിജോ ആന്റണിയെ പിടികൂടുന്നത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇതേ ബാങ്കിൽ അക്കൗണ്ട് ഉള്ള പ്രതി ഇവിടെ പലപ്പോഴായി സന്ദർശനം നടത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മുതൽ 2 30 വരെയുള്ള സമയത്താണ് ഉച്ച ഊണിനുള്ള ഇടവേള എന്ന് നേരത്തെ മനസിലാക്കിയ പ്രിതി ഈ സമയത്തു തന്നെ ബാങ്കിലെത്തി കൊള്ള നടത്തുകയായിരുന്നു. മോഷണത്തിന് പോകുമ്പോൾ ഒരു വസ്ത്രംവും മോഷണത്തിന് മുൻപും ശേഷവും മറ്റ് രണ്ട് വസ്ത്രങ്ങളും മാറ്റി ഇയാൾ പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു. എന്നാൽ പ്രതി ധരിച്ചിരുന്ന ഷൂവിന്റെ നിറവും സഞ്ചരിച്ച സ്കൂട്ടറുമുപയോഗിച്ച് പൊലീസ് റിജോയെ കുടുക്കുകയായിരുന്നു. ഇതിനു മുമ്പ് ബാങ്ക് കവച്ച നടത്താൻ ശ്രമിച്ചപ്പോൾ പോലീസിന്റെ ജീപ്പ് കണ്ട് പിന്മാറുകയായിരുന്നു. 15 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. ഇതിൽ നിന്ന് ഒരു കുപ്പി വാങ്ങുകയും. 2.90 ലക്ഷം രൂപ കടം വീട്ടുകയും കുറച്ചു ചെലവാക്കുകയും ചെയ്തു. കുറച്ചു തുക കയ്യിൽ ഉണ്ടെന്നും പ്രതി പോലീസിന് മൊഴി നൽകി. ഇയാളുടെ വാഹനവും കണ്ടെടുത്തു. പ്രതിയെ ഇന്ന് ബാങ്കിലും വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുവരും.