തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ശശി തരൂർ എംപി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയും. താൻ പ്രതീക്ഷിച്ചതിനുമപ്പുറമാണ് വ്യവസായ വകുപ്പിന്‍റെ പ്രകടനം. താൻ ദീർഘകാലമായി പറയുന്നത് ഓരോന്നോരോന്നായി സർക്കാർ ചെയ്തുതുടങ്ങിയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമോ സംസ്ഥാന സർക്കാരോ തെറ്റ് ചെയ്താൽ ചൂണ്ടിക്കാണിക്കുമെന്നും തരൂർ പറഞ്ഞു. നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കുന്നതാണ് തന്‍റെ രീതി. ഗ്ലോബൽ സ്റ്റാർട്ട് അപ്പ് റിപ്പോർട്ട് വായിക്കുമ്പോഴാണ് ഇത് കാണുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്ക് പരിശോധിച്ചാൽ കേരളം പിന്നിലായിരുന്നു. അവിടെ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിൽ അഭിനന്ദിക്കണം. 18 മാസം കൊണ്ടാണ് സർക്കാർ ഇത് ചെയ്തത്. സംസ്ഥാനത്ത് നിക്ഷേപങ്ങൾ അത്യാവശ്യമാണ്. മുഴുവൻ പാർട്ടികളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ രണ്ടുമിനിറ്റ് മതിയെന്നാണ് രാജീവ് പറഞ്ഞത്. താനത് അന്വേഷിച്ച ശേഷമാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി.റാങ്കിങ് സിപിഐഎം സർക്കാർ ഇറക്കുന്നതല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. നാഷണൽ റാങ്കിങ്ങുകൾ കാണാതെ പോകരുത്. ജനം രാഷ്ട്രീയം കാണുന്നു, പക്ഷേ വികസനം കാണുന്നില്ല. സർക്കാർ നല്ലതും തെറ്റും ചെയ്യുന്നു. ചില വിഷയങ്ങൾ ജനതാത്പര്യങ്ങൾ കണക്കിലെടുത്ത് രാഷ്ട്രീയത്തിന് അതീതമായി കാണണം. എന്തുചെയ്താലും തെറ്റാണെന്ന് പറയുന്നതല്ല പ്രതിപക്ഷം. തനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. താൻ പാർട്ടിയുടെ വക്താവല്ല, മറിച്ച് വ്യക്തി എന്ന നിലയിലാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞത്. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാൻ മൂന്ന് ദിവമാണ് എടുക്കുകയെന്ന് തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ ശരാശരി 114 ദിവസവും കേരളത്തിൽ 236 ദിവസവുമെടുക്കും എന്നാൽ രണ്ടാഴ്ച മുമ്പ് ‘രണ്ട് മിനിറ്റിനുള്ളിൽ’ ഒരു ബിസിനസ് തുടങ്ങാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളിൽ നിന്നുള്ള സ്വാഗതാർഹമായ മാറ്റമാണിതെന്നും തരൂർ കൂട്ടിച്ചേർത്തിരുന്നു.തരൂരിന്റെ ലേഖനം വലിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. തരൂരിന്‍റെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശൻ നിലപാട് വ്യക്തമാക്കിയിരുന്നു.