തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്തു നൽകും. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഒരു തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് 31 നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.ഉത്തരവിന്‍റെ പൂർണരൂപം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികയുടെ പലിശ 31.03.2025 വരെ ഒഴിവാക്കി നൽകണമെന്ന് അവശ്യപ്പെട്ടുകൊണ്ട് അപേക്ഷകൾ സർക്കാരിൽ ലഭിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ആയതിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികയുടെ പിഴ പലിശ 31.03.2025 വരെ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇതിനോടകം പിഴ പലിശ ഉൾപ്പെടെ വസ്തുനികുതി ഒടുക്കിയിട്ടുള്ളവർക്ക്, പിഴ പലിശ അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്യുന്നതിനാവിശ്യമായ ക്രമീകരണം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതാണ്.