ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെ അപമാനിച്ചെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമന്‍സ്. ലക്നൗ കോടതിയുടെ എംപി–എംഎല്‍എ പ്രത്യേക കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ബിആര്‍ഒ മുന്‍ ഡയറക്ടറായ ഉദയ് ശങ്കര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 2022ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ‘അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളക്കാര്‍ തല്ലിച്ചതച്ചുവെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. നിയന്ത്രണ രേഖയില്‍ ചൈനയുടെ അധിനിവേശം വര്‍ധിക്കുന്നതിനെ ചെറുക്കാന്‍ ആകുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനമായിരുന്നുവെങ്കിലും വലിയ രാഷ്ട്രീയ കോലാഹലം ഉണ്ടായി. രാഹുല്‍ ഗാന്ധി ദേശവിരുദ്ധനാണെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നുമെല്ലാം ബിജെപി നേതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും തുടര്‍ന്നു. പ്രാധനമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് 2023 മാര്‍ച്ചില്‍ രാഹുല്‍ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്നും അയോഗ്യനാക്കിയിരുന്നു. കേസ് പരിഗണിച്ച ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷയാണ് രാഹുലിന് വിധിച്ചത്. ജയില്‍ശിക്ഷ പിന്നീട് റദ്ദാക്കിയെങ്കിലും ലോക്സഭാംഗത്വം റദ്ദാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി ഇടപെട്ടതോടെയാണ് രാഹുലിന് ആശ്വാസം ലഭിച്ചത്.