കളമശേരി ബോംബ് സ്ഫോടനത്തിലെ പ്രതി ഡോമാനിക് മാർട്ടിനെതിരെ കൂടുതൽ അന്വേഷണം. ഡൊമനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കിയ രീതി വിദേശ നമ്പറിലേക്ക് അയച്ചിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇയാളുടെ വിദേശബന്ധങ്ങളിൽ ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം.കഴിഞ്ഞദിവസമാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. ഇന്റര്‍പോളിനറെ സഹായത്തോടെയാണ് അന്വേഷണം. ഡൊമനിക് മാര്‍ട്ടിന്‍ പത്തുവർഷത്തോളം ദുബായിലായിരുന്നു. ഇവിടെവച്ച് ഇയാള്‍ക്ക് ബോംബ് ഉണ്ടാക്കാൻ സഹായം ലഭിച്ചിരിക്കാമെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. യുഎഇയില്‍ അന്വേഷണം നടത്താന്‍ നിയമപരമായി സാധ്യമല്ലാത്തതിനാലാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.ഇയാൾ ദൃശ്യം അയച്ചത് സുഹൃത്തിന്റെ നമ്പറിലേക്കാണ് എന്നാണ് പ്രാഥമികമായി വിലയിരുത്തൽ എങ്കിലും നമ്പറിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. ഇന്റർപോൾ സഹായത്തോടെ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിക്കും. ഈ നമ്പറിന്റെ ഉടമക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും. 2023 ഒക്‌ടോബര്‍ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്.