തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാനബജറ്റിനെക്കുറിച്ച് തിങ്കളാഴ്ച നിയമസഭയിൽ പൊതുചർച്ച തുടങ്ങും. ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മൂന്നുദിവസമാണ് പൊതുചർച്ച. ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. ഈ ഘട്ടത്തിൽ നിർദേശങ്ങൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചർച്ചയ്ക്ക് തുടക്കംകുറിക്കും. ദയനീയമായ സാമ്പത്തികസ്ഥിതിയുടെ യഥാർഥചിത്രം പ്രതിപക്ഷം ചർച്ചയിൽ പുറത്തുകൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭൂനികുതി വർധിപ്പിച്ചതിനെതിരേ പ്രക്ഷോഭം തുടങ്ങാൻ കെ.പി.സി.സി.യും ആലോചിക്കുന്നുണ്ട്.







