മലപ്പുറം : കമ്പനികളുടെ സാമൂഹ്യ സുരക്ഷാ ഫണ്ടിലൂടെ പകുതി വിലയ്‌ക്ക് സ്‌കൂട്ടറും കാര്‍ഷികോപകരണങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ റിട്ട:ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍ നായര്‍. പദ്ധതി നടപ്പാക്കുന്ന ഏജന്‍സയായ സന്നദ്ധ സംഘടന അങ്ങാടിപ്പുറം കെഎസ്എസ് ഭാരവാഹി നല്‍കിയ പരാതിയിലാണ് സി എന്‍ രാമചന്ദ്രന്‍ നായരെ കേസില്‍ പ്രതി ചേര്‍ത്തത്. സര്‍ക്കാരിതര സംഘടന ഫെഡറേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതിലാണ് ജ. സി എന്‍ രാമചന്ദ്രന്‍ നായരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. ജീവകാരുണ്യ സംഘടനയായതിനാലാണ് ഉപദേശകസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്‌കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സികൂട്ടീവ് ഡയറക്ടര്‍ ആനന്ദ് കുമാറിനോട് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.അതേസമയം വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നാണ്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തിട്ടുണ്ട്. തട്ടിപ്പ് പണം പിരിക്കാന്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടെ വാടകയ്‌ക്ക് എടുത്ത് നല്‍കി. ഇവരുടെ താമസം സൗജന്യമായിരുന്നു. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്‌ക്ക് നല്‍കാമെന്ന് പറഞ്ഞ് 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായി പൊലീസ് കണ്ടെത്തി.