എരമംഗലം:സ്ഥല പരിമിതികളാലും വിദ്യാർത്ഥി ബാഹുല്യത്താലും ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ദീർഘകാലത്തെ സ്വപ്നമായ സ്ഥലമേറ്റെടുക്കൽ ഏറെ നാളെത്തെ കഠിന ശ്രമങ്ങൾക്കൊടുവിൽ യാഥാർത്ഥ്യമാകുന്നു.സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഒരേക്കർ സ്ഥലമാണ് നാട്ടുകാർ,പ്രവാസികൾ,പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ,അദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവരുടെ പൊതു പങ്കാളിത്തത്തോടെ യാഥാർത്ഥ്യമാകുന്നത്.ഇതിൽ ആദ്യഘട്ടം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത 46.62 സെന്റ് ഭൂമിയുടെ ആധാര കൈമാറ്റ ചടങ്ങ് ഈ മാസം 12 ന് സ്കൂളിൽ വെച്ച് വിപുലമായി നടക്കും.പി.നന്ദകുമാർ എം എൽ എ യുടെ ഒരു കോടി രൂപ ഉപയോഗിച്ച് 46.98 സെന്റ് ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ അന്തിമ ഘട്ടത്തിലുമാണ്.ഇതു കൂടി യാഥാർത്ഥ്യമാകുന്നതോടെ സ്കൂളിന്റെ ഭൗതിക സൗകര്യത്തിൽ വൻ മുന്നേറ്റം തന്നെ സൃഷ്ടിക്കാനാകും.പരിമിതികൾക്കിടയിലും പഠന പാഠ്യേതര രംഗത്തെ തന്നെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിന്റെ പുതിയ കാൽ വെപ്പ് ജനകീയ മുന്നേറ്റത്തിലൂടെയുള്ള പൊതു വിദ്യാലയ മികവിന്റെ കേരളത്തിലെ അത്യപൂർവ്വമാതൃകയാവും.ജില്ലാ പഞ്ചായത്തും എം.എൽ.എ.യും അനുവദിക്കുന്ന രണ്ട് കോടി രൂപക്കുള്ള 25 ലക്ഷത്തോളം രൂപയുടെ ഇൻകം ടാക്സ് തുക കൂടി കണ്ടെത്തുവാനുള്ള തീവ്രശ്രമങ്ങളിലാണിപ്പോൾ സ്കൂൾ വികസന സമിതിയും പി.ടി.എ യും.കഴിഞ്ഞ ദിവസം സ്കൂളിൽ ചേർന്ന വിപുലമായ സ്വാഗത സംഘം മീറ്റിംഗിൽ ഇതിനു വേണ്ടിയുള്ള ഊർജിത ശ്രമങ്ങൾക്ക് രൂപം നൽകി.











