കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മാലിന്യകുഴി തുറന്നിട്ടതിൽ വീഴ്ച്ചവരുത്തിയതടക്കം അന്വേഷിക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളിയാഴ്ച ജയ്പൂരിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ രാജസ്ഥാൻ ദാമ്പതികളുട മകൻ റിതൻ ജാജുവാണ് മരിച്ചത്
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കയറിയപ്പോഴാണ് അപകടം നടന്നത്. രക്ഷിതാക്കൾ കഫേയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്കൊപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടി 10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയിൽ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കൾ അറിയുന്നത്. കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ എയർപോർട്ട് അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നു