പാലക്കാട്: പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അഫ്സൽ (25 വയസ്) ആണ് മയക്കുമരുന്നുമായി പിടിയിലായത്. യുവാക്കൾക്കിടയിൽ വിതരണം ചെയ്യാനാനാണ് ഇത്രയും അളവിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നതെന്ന് എക്സൈസ് അറിയിച്ചു.എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്‍റെയും വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രേമാനന്ദന്‍റെയും നേതൃത്വത്തിലുള്ള എക്സൈസ് സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ഒറ്റപ്പാലം എക്സൈസ് റേഞ്ചിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ സി വി രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് കെ ജെ, സ്‌ക്വാഡ് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാസിലാമണി എന്നിവർ സംഘത്തിലുണ്ടായിരുന്നുവന്ന് എക്സൈസ് അറിയിച്ചു.അതിനിടെ കാക്കനാട്ട് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 9.29 ഗ്രാം എംഡിഎംഎയുമായി അൻസർ (31 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്‍റ് നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഓ എൻ അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ, എം എച്ച് ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് എം ടി, അഫ്സൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം ലത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിൽ 144 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ, റേഞ്ച് പാർട്ടികളും ആർപിഎഫും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി എക്സൈസ് അറിയിച്ചു.