തിരുവനന്തപുരം കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന കുന്നത്തുകാൽ സ്വദേശി സെലീനാമ്മയെയാണ് ജനുവരി 17 ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധിക ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മോഷണം പോയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. മൃതദേഹത്തിൽ മുറിവുകൾ ഉണ്ടെന്നും കുടുംബത്തിൻറെ പരാതിയുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ജില്ലാ കളക്ടറുടെ അനുമതി തേടിയിരുന്നു. തഹസിൽദാരുടെ റിപ്പോർട്ടിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. 11 മണിയോടെയായിരുന്നു കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു. മണിവിള പള്ളിയിലാണ് സെലീനാമ്മയുടെ സംസ്കാരം നടന്നത്. അതേസമയം, ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മകന്‍റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. മരിക്കുന്നതിന് മുമ്പ് സെലീനാമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല മരണത്തിന് ശേഷം നഷ്ടമായിരുന്നു. മൃതദേഹം കുളിപ്പിക്കുമ്പോൾ സെലീനാമ്മയുടെ ശരീരത്തിൽ കരുവാളിപ്പും ചതവുകളും കണ്ടതായി കുളിപ്പിച്ച സ്ത്രീകൾ പറഞ്ഞിരുന്നു. സംസ്കാരത്തിന് ശേഷമാണ് മകൻ ഈ കാര്യങ്ങൾ അറിയുന്നതും അന്വേഷണം ആവശ്യപ്പെടുന്നതും. തുടർന്നാണ് കല്ലറ പൊളിക്കാൻ തീരുമാനമായത്.