ഇടുക്കി മൂലമറ്റത്ത് പായയിൽ കെട്ടിയ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കോട്ടയം മേലുകാവ് സ്വദേശിയായ സാജൻ സാമുവലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സാജന്റെ കഴുത്തിലും തലയിലും ഗുരുതര മുറിവുകളുണ്ട്. സംഭവത്തിൽ ആറ് പേരെ കാഞ്ഞാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനൽ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ സാമുവൽ. ഇയാളെ എട്ടംഗ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഷാരോൺ ബേബിയെ ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.ഇടതു കൈ വെട്ടിയെടുത്ത നിലയിലാണ്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൊലപാതകത്തിന് ശേഷം മൃതദേഹം ഓട്ടോയിലാണ് ഉപേക്ഷിക്കാനായി കൊണ്ടുപോയത്. മേലുകാവ് നിന്നും 25 കിലോമീറ്റർ അകലെയുള്ള മൂലമറ്റത്തെ തേക്കിൻ കൂപ്പിലേക്ക് കേടായ പന്നിമാംസം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്.