ആലപ്പുഴ: ഓട്ടോ ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസിന്റെ അന്വേഷണത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് നടപടി എടുത്തത്. മക്കളുമായി ആഷിബ് സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ സഞ്ചരിച്ചിരുന്ന ഓട്ടോയുമായി ഇടിച്ചിരുന്നു. ഓട്ടോറിക്ഷ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് ബൈക്കിടിച്ചത്. ഇതിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് ആഷിബ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത്. ആഷിബിന്റെ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറുടെ തലയ്‌ക്കടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ യുവാവ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ആഷിബിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഷിബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.