ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഡല്‍ഹിയില്‍ പുതിയ റീട്ടെയില്‍ വില 1804 രൂപയില്‍ നിന്ന് 1797 രൂപയായി കുറഞ്ഞു. വിവിധ നഗരങ്ങളില്‍ വിലയില്‍ വ്യത്യാസങ്ങളുണ്ടാകും. കൊച്ചിയില്‍ ആറ് രൂപ കുറഞ്ഞ് 1806 രൂപയായി. കൊല്‍ക്കത്തയില്‍ 1911 രൂപയില്‍ നിന്ന് 1904 ലേക്ക് സിലിണ്ടര്‍ വില താണു. മുംബൈയില്‍ 1756 രൂപയായിരുന്നു സിലിണ്ടറിന്റെ വില. ഇത് 1749 രൂപയായി കുറഞ്ഞു. ചെന്നൈയില്‍ 1966 രൂപയുണ്ടായിരുന്നത് 1959 രൂപയായി. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പരിഷ്‌കരിക്കാറുണ്ട്. എല്ലാ മാസവും വില പരിഷ്‌കരിക്കുമ്പോള്‍ എണ്ണ വിപണന കമ്പനികള്‍ അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുക്കാറുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എണ്ണക്കമ്പനികള്‍ പാചക വാതക വില കുറച്ചത്. അഞ്ച് മാസത്തെ വിലക്കയറ്റത്തിന് ശേഷം ജനുവരിയില്‍ 14.5 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ കുറച്ചിരുന്നത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോ ഗ്രാം പാചക വാതക സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 803 രൂപയില്‍ തുടരുകയാണ്. ലഖ്നൗവില്‍ പാചക വാതക സിലിണ്ടറിന്റെ വില 840.50 രൂപയാണ്. മുംബൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 802.50 രൂപയാണ് വില. ചെന്നൈയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 818.50 രൂപയും കൊല്‍ക്കത്തയില്‍ പാചക വാതക സിലിണ്ടറിന് 829 രൂപയുമാണ് വില.