അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി. വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചത്. റേഷൻ കട അടച്ചിട്ട് സമരം ചെയ്യും. 7 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്ന് സമരസമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ പറഞ്ഞു.
18000 രൂപയാണ് അടിസ്ഥാന വേതനം. എല്ലാ ചെലവും കഴിഞ്ഞാൽ തുച്ഛമായ തുകയാണ് വ്യാപാരികൾക്ക് കിട്ടുന്നത്. വിൽപ്പന പരിധി ഒഴിവാക്കണമെന്നും റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ടാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
റേഷൻ വ്യാപാരികളുടെ പണിമുടക്ക് ഒത്തുതീർക്കുന്നതിനായി ഭക്ഷ്യമന്ത്രി വ്യാപാരികളുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈമാസം 27 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ച അലസിപ്പിരിഞ്ഞത്.
റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിയുമായി ചർച്ച നടത്തിയത്. ക്ഷേമിനിധി പെൻഷൻ വർദ്ധന,KTPDS ആക്ടിലെ ഭേദഗതി എന്നിവയിലെല്ലാം വ്യാപാരികളുടെ ആവശ്യം ഭക്ഷ്യവകുപ്പ് അംഗീകരിച്ചു. എന്നാൽ വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം വേതനം കൂട്ടുന്നത് പരിണിക്കാൻ ആവില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതാണ് ചർച്ച അലസിപ്പിരിയാൻ കാരണം. 14248 റേഷൻ കടകളാണ് സംസ്ഥാനത്തുളളത്. ഈമാസം 27 മുതൽ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുന്നതോടെ സാധാരണക്കാരായ ജനങ്ങളാകും ബുദ്ധിമുട്ടിലാകുക.