കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരിഞ്ഞോളി നയനാർ റോഡിലായിരുന്നു കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഹൃദയാഘാതം ഉണ്ടായി രോഗിയുമായി തലശേരിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിലൂടെ പോയെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ രോഗിയെ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ മരണം സംഭവിച്ചു.രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചു.