സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം വ്യാപകമായതിനെ തുടർന്ന് ജില്ലാതലങ്ങളിൽ പരിശോധന നടത്താൻ പ്രത്യേക എൻഫോഴ്സ്മെന്‍റ് സംഘത്തിന് സർക്കാർ നിർദേശ നൽകി. വിനോദ സഞ്ചാര സ്ഥലങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിച്ചപ്ലാസ്റ്റിക് കവർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് നടപടി. വരും മാസങ്ങളിൽ സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നും അതിനാൽ ജില്ലാതലങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുളള പ്രത്യേക എൻഫോഴ്സ്മെന്‍റ് സംഘം പരിശോധന നടത്തണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.നിരോധിച്ച ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ നിയമ ലംഘനത്തിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ്സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ പുറത്തിറക്കിയ ഉത്തരവിലുണ്ട്. സംസ്ഥാനത്ത് 2020ലാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിച്ചത്.