മകരവിളക്ക് ദർശനം അടുത്തതോടെ ശബരിമലയിൽ ദർശനം സുഗമമാക്കുന്നതിനായി കൂടുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. പമ്പയിലെ സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ നിലയ്ക്കലിൽ പ്രവർത്തിക്കുമെന്നും ശനിയാഴ്ച മുതൽ കാനനപാത വഴി തീർഥാടകരെ കടത്തി വിടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.കൂടാതെ, വെർച്വൽ, സ്പോട്ട് ബുക്കിങ് നടത്താത്ത തീർഥാടകരെയും പമ്പയിലേക്ക് കടത്തിവിടില്ലെന്നും തിങ്കളാഴ്ച വരെ സ്പോട്ട് ബുക്കിങ് 5000 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. മകരവിളക്ക് ദിവസമായ 14ന് 1000 പേർക്ക് മാത്രം സ്പോട് ബുക്കിങ് നൽകും.അതിനൊപ്പം ഞായറാഴ്ച മുതൽ പമ്പയിലെ പാർക്കിങ് ഒഴിവാക്കാൻ ആലോചനയുണ്ടെന്നും ജനുവരി 15 മുതൽ ഉച്ച കഴിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്ത തീർഥാടകർ വൈകുന്നേരം 6 ന് ശേഷം എത്തണമെന്നും വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയതായി പി.എസ്. പ്രശാന്ത് അറിയിച്ചു.തത്സമയ ബുക്കിങ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകൂ. സുരക്ഷിതവും സുഗമവുമായ അയ്യപ്പദർശനം എല്ലാവർക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.