മട്ടന്നൂര്‍ ഉളിയിൽ കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽ പെട്ടത്. കാർ പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്.
ബുധൻ രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയിൽ മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കാർ ഇരിട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. ബസ് സ്റ്റോപ്പിൽ നിർത്തിയ സമയത്ത് നിയന്ത്രണംവിട്ടുവന്ന കാർ ബസിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. അഗ്നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.