ശബരിമല വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിൽനിന്ന് 2570 ഏക്കർ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാതപഠന റിപ്പോർട്ട്. 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിനൊപ്പം 307 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കാമെന്നാണ് അന്തിമ റിപ്പോർട്ടിലെ ശുപാർശ. പദ്ധതി ബാധിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2013ലെ കേന്ദ്രനിയമപ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ 8000 തൊഴിലാളികളെ ആവശ്യമാണ്. ഇവരെ പ്രാദേശികമായി കണ്ടെത്തണമെന്നും ശുപാർശയുണ്ട്.