കൊച്ചി: ഐ.എസ്.എൽ. ഫുട്‌ബോളിൽ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നതിനു മുൻപ് അവസാനനിമിഷംവരെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വത്തിലായി കേരളാ ബ്ലാസ്റ്റേഴ്സ്. മത്സരം നടക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എ. ഓരോ മത്സരത്തിനും ഒൻപത് ലക്ഷം രൂപ വീതം വാടക വേണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. ഒടുവിൽ സർക്കാർ തലത്തിൽ ബ്ലാസ്റ്റേഴ്സ് നൽകിയ അപേക്ഷയെത്തുടർന്ന് തദ്ദേശ വകുപ്പ് മന്ത്രി ഇടപെട്ട് വാടക കുറച്ചുനൽകിയാണ് ഇപ്പോൾ കളി നടത്തുന്നത്. ആദ്യ മത്സരത്തിന് മൂന്നുലക്ഷമാണ് വാടകയെന്നാണ് സൂചന. ഡിപ്പോസിറ്റായി 25 ലക്ഷവും നൽകണം. തുടർന്നുള്ള കളികൾ സംബന്ധിച്ച തീരുമാനം ചർച്ചകൾക്കുശേഷമായിരിക്കും. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി.യാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.
സ്ഥാനമൊഴിഞ്ഞ ഭരണസമിതി രേഖപ്പെടുത്തിവെച്ച വാടകത്തുക മാറ്റാൻ തങ്ങൾക്ക് നിയമപരമായി നിർവാഹമില്ലെന്നുമാണ് ജി.സി.ഡി.എ.യിലെ ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇതോടെ, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷിനെ സമീപിച്ചു. കായികമന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയെയും അറിയിച്ചു. തുടർന്നാണ് തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയെ സമീപിക്കാൻ ബ്ലാസ്റ്റേഴ്സിന് നിർദേശം ലഭിച്ചത്.






