ടെൽ അവീവ്:ദുബായ്-ടെൽഅവീവ് ഫ്‌ളൈ ദുബായ് വിമാനത്തിലുള്ള സംഭവവികാസങ്ങളിൽ പ്രതികരണവുമായി ഇസ്രയേൽ നേതാക്കൾ. സഹ പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച ഫ്‌ളൈ ദുബായ് പൈലറ്റ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നതായി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഭവത്തിന് ശേഷമുള്ള നെതന്യാഹുവിന്റെ ആദ്യ പ്രതികരണമാണിത്
‘വിമാനത്തിലെ മിക്കവാറും എല്ലാ യാത്രക്കാരും ഇസ്രയേലികളായിരുന്നു. വിമാനം ഇസ്രയേലിനോട് അടുത്തപ്പോൾ, പൈലറ്റുമാരിൽ ഒരാൾ മറ്റേയാളെ കുത്തുകയും യാത്രക്കാരുമായി വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തതു. വിമാനത്തിലെ സംവിധാനങ്ങൾ തകരാറിലാക്കാൻ ശ്രമിച്ചു. ഒരു ഇസ്രയേലി യാത്രക്കാരനും ജീവനക്കാരിലൊരാളുമാണ് കോക്ക്പിറ്റിൽ കയറി പൈലറ്റിനെ തടഞ്ഞത്’, നെതന്യാഹു പറഞ്ഞു.
മറ്റൊരു ജീവനക്കാരനാണ് കോക്ക്പിറ്റിൽ കയറി വിമാനം സുരക്ഷിതമാക്കിയതെന്നും നെതന്യാഹു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി തങ്ങൾ നിരന്തരമായ സമ്പർക്കത്തിലാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേൽ പതിവായി സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോ പൈലറ്റിനെ സൗദി ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു പറഞ്ഞു. ഭാവിയിൽ സമാനമായ ശ്രമങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കാൻ ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
നിരവധി ജീവനുകൾ രക്ഷിക്കുകയും ധീരത പ്രകടിപ്പിക്കുകയും ചെയ്ത വീരന്മാരെ അഭിനന്ദിക്കുന്നതായി പറഞ്ഞ നെതന്യാഹു ‘അവർ ഒരു വലിയ ദുരന്തം തടഞ്ഞു’വെന്നും പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിന്റെ ചിത്രവും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടു







